“Come and Experience a Catholic Community here, a personification of Yahweh’s command in Genesis 3: 19”
വിശുദ്ധ ഗീവർഗീസ്.
ക്രി.വ. മൂന്നാം നൂറ്റാണ്ടിൽ (275/281 – 23 ഏപ്രിൽ 303) ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒരു ക്രിസ്തീയ വിശുദ്ധനും രക്തസാക്ഷിയുമാണ് വിശുദ്ധ ഗീവർഗീസ് (Saint George). പല ക്രിസ്തീയസഭാവിഭാഗങ്ങളിലേയും പാരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായിൽ നിന്നുള്ള ഒരു റോമൻ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പുണ്യവാളചരിതങ്ങൾ അനുസരിച്ച് കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭഎന്നിവയുൾപ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങളിൽ ഏറ്റവുമധികം വണങ്ങപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണ് ഇദ്ദേഹം. വ്യാളിയുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്ന കഥ, ഈ വിശുദ്ധന്റെ വ്യാപകമായ യശസിന്റെ ഉല്പത്തിയേയും നിലനില്പിനേയും ഏറെ സ്വാധീനിച്ചിട്ടിട്ടുണ്ട്. "വിശുദ്ധസഹായകർ" എന്നറിയപ്പെടുന്ന 14 ദിവ്യാത്മാക്കളിൽ ഒരാൾ കൂടിയായ ഇദ്ദേഹം സൈനികവിശുദ്ധന്മാരിൽ ഏറ്റവും പ്രധാനിയാണ്. മരണദിനമായി കരുതപ്പെടുന്ന ഏപ്രിൽ 23-നാണ് ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കാറുള്ളത്.
ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മദ്ധ്യസ്ഥനാണ് ഈ വിശുദ്ധൻ: സ്പെയിനിലെ അരഗോൺ, കറ്റലോണിയ പ്രദേശങ്ങൾ, ഇംഗ്ലണ്ട്, എത്യോപ്യ, ജോർജിയ, ഗ്രീസ്, ഇന്ത്യ, ഇറാക്ക്, ലിത്വാനിയ,പലസ്തീനിയ, പോർത്തുഗൽ, സെർബിയ, റഷ്യ, എന്നീ നാടുകളും, ജെനോവ, അമേർസ്ഫൂർട്ട്,ബെയ്റൂട്ട്, മോസ്കോ, ജുബ്ലിയാനാ എന്നിവയുൾപ്പെടെ ഒട്ടേറെ നഗരങ്ങളും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ പെടുന്നു. ഇതിനു പുറമേ, ഒട്ടേറെ തൊഴിലുകളുടേയും, വിവിധതരം രോഗാവസ്ഥകളിലുള്ളവരുടേയും മദ്ധ്യസ്ഥനായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു.
കേരളത്തിൽ പുരാതനകാലം മുതൽ ഏറെ വണങ്ങപ്പെടുന്ന ഒരു വിശുദ്ധനാണ് ഇദ്ദേഹം. ഗീവർഗീസിന്റെ പേരിലുള്ള അനേകം ദേവാലയങ്ങൾ കേരളത്തിലുണ്ട്. ഇടപ്പള്ളി, എടത്വാ,പുറവയല്‍, പുതുപ്പള്ളി, അങ്കമാലി, അരുവിത്തുറ മുതലായ സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള ദേവാലയങ്ങളും തിരുനാളുകളും ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.